
കൊച്ചി : കർക്കിടക വാവ് ബലി തർപ്പണത്തിനായി ആലുവ മണപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്ക് യാത്രാസൗകര്യം സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു.
ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് 11:15 നും 11:30 നും സർവീസുകൾ ഉണ്ടായിരിക്കും. ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് 5:00 നും 5:30 നും സർവീസുകൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
കർക്കിടക വാവ് പ്രമാണിച്ച് ഓഗസ്റ്റ് 12 ബുധനാഴ്ച സംസ്ഥാനത്തുടനീളം വിപുലമായ പിതൃതർപ്പണ ചടങ്ങുകൾ നടക്കും. ആലുവ മണപ്പുറം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, തിരുനാവായ, വർക്കല പാപനാശം തുടങ്ങിയ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ഭക്തർ ബലിയിടാൻ എത്തും.
ചടങ്ങുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനായി വിവിധ ദേവസ്വം ബോർഡുകളുടെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തിൽ പ്രത്യേക സൗകര്യങ്ങളും അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.