
തിരുവനന്തപുരം : സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് മൂന്ന് തീരദേശ ജില്ലകളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളുടെ തീരങ്ങളിൽ നാളെ (06/08/2026) രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ മുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ (06/08/2026) 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ (07/08/2026) 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.
കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്ന് ദിവസവും ഓറഞ്ച് അലർട്ടായിരിക്കും. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും വിവിധ അലർട്ടുകൾ നൽകിയിട്ടുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.