
കൽപ്പറ്റ : വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സ്വീകരിക്കാതെ സർക്കാർ പ്രഹസനം തുടരുന്നതായി പരാതി. അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ദുരന്തനിവാരണ വകുപ്പാണ് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നത്.
ഒരു മാസത്തിനുള്ളിൽ സമിതി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും ആർക്ക് സമർപ്പിക്കണമെന്ന കാര്യത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പമാണ് പ്രതിസന്ധിക്ക് കാരണം. റിപ്പോർട്ട് പൂർത്തിയായ വിവരം അറിയിച്ചിട്ടും ദുരന്തനിവാരണ വകുപ്പിൽ നിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും തുടർനടപടികളോ മറുപടിയോ ഉണ്ടായിട്ടില്ല.
അന്വേഷണത്തിനായി എത്തിയ സമിതി അംഗങ്ങൾക്ക് ചെലവായ തുകപോലും ഇതുവരെ അനുവദിച്ചു നൽകിയിട്ടില്ല. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പഠിച്ച ശേഷമേ തുരങ്കപാതയുടെ തുടർനിർമ്മാണം സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് മുമ്പ് വ്യക്തമാക്കിയ സർക്കാർ തന്നെയാണ് ഇപ്പോൾ ഈ നിഷ്ക്രിയത്വം തുടരുന്നത്. നിലവിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സമിതി അംഗങ്ങളുടെ കൈവശം തന്നെ ഇരിക്കുകയാണ്.