
ഇടുക്കി: മലങ്കര ഡാമിലെ വെള്ളത്തിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. അപകടത്തിന് കാരണമായ വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കമ്പനി തുറന്നു പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമ റിയാദിനെതിരെ കാഞ്ഞാർ പോലീസ് കേസെടുത്തു.ഫാക്ടറിയിൽ നിന്നുണ്ടായ ഓയിൽ ചോർച്ചയെ തുടർന്ന് മാലിന്യം മലങ്കര ജലാശയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെ സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം പൂർണ്ണമായും പ്രതിസന്ധിയിലായി.
ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ നിരവധി കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സാണ് മലങ്കര ജലാശയം. ഡാമിലെ വെള്ളത്തിൽ രാസമാലിന്യം കലർന്നത് വൻ ആരോഗ്യ ഭീഷണിയുയർത്തിയ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ.