Banner Ads

കൊച്ചി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച സംഭവം: മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) സോളാർ പാനലുകളിൽ നിന്ന് കോപ്പർ (ചെമ്പ്) മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബ്രദക് സ്വദേശി ഗണേഷ് കുമാർ (36), ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരാണ് പിടിയിലായത്.

നെടുമ്പാശേരി എസ്.ഐ. അരുൺ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പൊലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തുവന്നത്.

സോളാർ പാനലുകളിൽ നിന്ന് തുടർച്ചയായി ചെമ്പ് മോഷണം പോകുന്നതായി കാണിച്ച് സിയാൽ (CIAL) അധികൃതർ നേരത്തെ നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്നു വന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.