
ദില്ലി: യുപിഐ (UPI) ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടിവെക്കാൻ സാധ്യത. മുൻപ് തീരുമാനിച്ച ഒക്ടോബർ 15-ന് പകരം പുതിയ പരിഷ്കാരം ജനുവരി ഒന്നിലേക്ക് മാറ്റാനാണ് കേന്ദ്ര സർക്കാരും ധനമന്ത്രാലയവും ആലോചിക്കുന്നത്. ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ഉത്സവ വേളകളിൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്തുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ഈ തീരുമാനം ഒക്ടോബർ മുതൽ നടപ്പിലാക്കരുതെന്നും വിവിധ വാണിജ്യ സംഘടനകൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഈ നിർദ്ദേശം പരിഗണിച്ചാണ് ഉത്സവ സീസൺ കഴിയുന്നത് വരെ തീരുമാനം നീട്ടിവെക്കാൻ പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യയും (PCI) സർക്കാരും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ യുപിഐ ചാർജ് ഏർപ്പെടുത്തുന്നതിനോട് ബിജെപിക്കുള്ളിലും അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. ഉത്സവകാലത്ത് വ്യാപാരികൾക്കും സാധാരണക്കാർക്കും തിരിച്ചടിയാകുന്ന നടപടിയുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയായേക്കാം എന്ന വിലയിരുത്തലിലാണ് തീരുമാനം വൈകുന്നത്.