
തിരുവനന്തപുരം: മദ്യപാനികളും മോശമായി പെരുമാറുന്നവരുമായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജി പി. പ്രകാശ് കർശന നിർദ്ദേശം നൽകി. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം പൊലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയാണ് പൊലീസിന്റെ പ്രാഥമിക കടമയെന്നും, സേനയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് അയക്കാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ (എസ്പിമാർ) പ്രത്യേകം ശ്രദ്ധിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച എഎസ്ഐ ജിജോയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായ എഎസ്ഐ തന്നെ പലതവണ മർദിച്ചെന്നാണ് വടക്കൻ പറവൂർ സ്വദേശിയായ ഡ്രൈവർ പ്രശാന്തിന്റെ പരാതി. ആദ്യ അടിയിൽ തന്നെ മൊബൈൽ ഫോണിലെ വീഡിയോ റെക്കോർഡിംഗ് നിലച്ചതിനാൽ കൂടുതൽ ദൃശ്യങ്ങൾ പകർത്താനായില്ലെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
എറണാകുളത്തുനിന്ന് ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് (രഹസ്യാന്വേഷണ വിഭാഗം) റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല പൊലീസ് ചീഫ് കോ-ഓർഡിനേറ്റർ പി. വിജയൻ ഐപിഎസ് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു.