
ചെന്നൈ : തമിഴകത്തിന്റെ രാഷ്ട്രീയ ഗതിമാറ്റത്തിന് സാക്ഷ്യം വഹിച്ച് ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പത് മന്ത്രിമാരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.
സിനിമയിലെ തന്റെ തകർപ്പൻ പഞ്ച് ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങ്. സി ജോസഫ് വിജയ് എന്ന ഞാൻ… എന്ന് തുടങ്ങി സത്യവാചകത്തിന്റെ ആദ്യഭാഗം പേപ്പറിൽ നോക്കാതെയാണ് അദ്ദേഹം ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ട് (ദൈവനാമത്തിൽ) ആയിരുന്നു സത്യപ്രതിജ്ഞ.
പതിനായിരക്കണക്കിന് വരുന്ന ആരാധകരെയും പ്രവർത്തകരെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചായിരുന്നു വിജയ്യുടെ ഓരോ വാക്കും. ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയെ തന്റെ സഹോദരൻ എന്നാണ് വിജയ് വിശേഷിപ്പിച്ചത്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണ സർക്കാരിന് നിർണ്ണായകമാണെന്ന് വിജയ് വ്യക്തമാക്കി. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്യുടെ കുടുംബാംഗങ്ങൾ, തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.