
തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വൻ തിരക്ക്. ഒരു പതിറ്റാണ്ടിന് ശേഷം ഭരണത്തിലേറിയതിന്റെ ആവേശത്തിൽ മലബാറിൽ നിന്നടക്കം യുഡിഎഫ് നേതാക്കളും അണികളും സെക്രട്ടേറിയറ്റിലേക്ക് കൂട്ടത്തോടെ എത്തുന്നതാണ് തിരക്കിന് കാരണം.
മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾക്ക് അയവ് വന്നത് ഭരണമുന്നണി പ്രവർത്തകർക്ക് അനുകൂലമായിട്ടുണ്ട്. നിവേദനങ്ങളുമായെത്തുന്ന പൊതുജനങ്ങളും പാർട്ടിക്കാരും കാരണം മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ നിലകളിലും ജനത്തിരക്ക് വർദ്ധിച്ചു.
നേരത്തെ കടുത്ത പാസ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിവേദനവും തിരിച്ചറിയൽ കാർഡും കാണിച്ചാൽ പ്രവേശനം സുഗമമാണെന്ന് നേതാക്കൾ പറയുന്നു. അതിനിടെ താങ്ങാനാവാത്ത വിധം ആളുകൾ കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ ലിഫ്റ്റുകൾ തകരാറിലായി.
ആറ് പേർക്ക് കയറാവുന്ന ലിഫ്റ്റിൽ നിരവധി പേർ തള്ളിക്കയറിയതാണ് കാരണം. ആളുകൂടിയതോടെ ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പോയി തൊട്ടടുത്ത നിലയിൽ നിൽക്കുകയായിരുന്നു. തുടർന്ന് ആളുകളെ ഇറക്കി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ലിഫ്റ്റ് വീണ്ടും പ്രവർത്തനസജ്ജമാക്കിയത്.
എന്നാൽ ലിഫ്റ്റ് പൊട്ടിവീണിട്ടില്ലെന്നും ഓവർലോഡ് ആയാൽ തൊട്ടടുത്ത നിലയിൽ വന്നു നിൽക്കുന്ന സാങ്കേതിക സംവിധാനമാണ് ഇതിലുള്ളതെന്നും അധികൃതർ പറഞ്ഞു.