Banner Ads

പ്രതീക്ഷകൾ വിഫലം; ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട മമ്പാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് സ്വദേശി യാഷിക് (22) ആണ് മരണപ്പെട്ടത്. എടവണ്ണ പാലത്തിന് സമീപത്തുനിന്നാണ് നാലാം ദിവസം മൃതദേഹം കണ്ടെത്തിയത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓടായിക്കൽ പാലത്തിന് താഴെ വെച്ചായിരുന്നു യാഷിക് പുഴയിലെ ശക്തമായ ഒഴുക്കിൽപെടുന്നത്.

തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു.ഫയർഫോഴ്സ് സംഘം രണ്ട് ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് വ്യാഴാഴ്ച രാത്രി വൈകിയും പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.

നാലാം ദിവസമായ ഇന്ന് പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് എടവണ്ണ പാലം ഭാഗത്ത് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടെത്തിയത്.പുഴയിൽ നിന്ന് കരയ്ക്കടുപ്പിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.