കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പ്രമുഖ നടന്മാരെ കുരുക്കിലാക്കുകയാണ് വനിതാ ആർട്ടിസ്റ്റുകളുടെ തുറന്ന് പറച്ചില്‍. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ് എന്നിവർക്കെതിരെയെല്ലാം പരാതികള്‍ ഉയർന്ന് വന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ജൂനിയർ ആർട്ടിസ്റ്റുകള്‍ അടക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു നടിക്ക് അനുഭവിക്കേണ്ടി വന്ന അവസ്ഥയെ നേരിട്ട് കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷക്കീല. ഒരു തമിഴ് മീഡിയയിലാണ് ഒരു നടി നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് ഷക്കീല പറഞ്ഞത്.
നടി രൂപശ്രീയെക്കുറിച്ചാണ് ഷക്കീല സംസാരിച്ചത്. നടിമാരുടെ കതകില്‍ തട്ടി ശല്യം ചെയ്യുന്നത് സിനിമാ രംഗത്ത് താൻ കണ്ടിട്ടുണ്ടെന്നാണ് ഷക്കീല പറയുന്നത്. രൂപശ്രീ നായികയായി അഭിനയിക്കുന്ന സിനിമ, അതിൽ ഞാനും അഭിനയിക്കുന്നുണ്ട്. തന്റെ മുറിയുടെ എതിർവശത്താണ് രൂപശ്രീയുടെ മുറി. മദ്യപിച്ച് വന്ന കുറച്ച് ആളുകള്‍ അവരുടെ കതകില്‍ തട്ടുകയും വലിയ പ്രശ്നമുണ്ടാക്കുകയും ചെയ്‌തു. രൂപശ്രീ ഭയന്ന് മുറിയിലിരുന്ന് കരഞ്ഞു. ഞങ്ങള്‍ വന്ന് നോക്കിയപ്പോള്‍ കണ്ടത് നാലഞ്ച് ആളുകള്‍ മദ്യപിച്ച് വാതില്‍ തുറക്കെടീ എന്ന് പറഞ്ഞ് ബഹളം വെക്കുന്നതാണ്. ആ സമയത്ത് ഞാനും എന്റെ അനിയനും എന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.
ഷൂട്ടിംഗിന് എപ്പോഴും ഞാൻ അവരുടെ കൂടെയാണ് പോകാറുള്ളത്. ഈ ആളുകളുമായി ഞങ്ങള്‍ വഴക്കുണ്ടാക്കി. അവിടെ ഒരു അമേരിക്കൻ അച്ചായനുണ്ടായിരുന്നു, അവരോട് സംസാരിച്ച് നാല് മണിക്ക് വണ്ടി വരുത്തി രൂപശ്രീയെ അവിടെ നിന്നും ചെന്നെെയിലേക്ക് അയച്ചു. ഇതുപോലെയുള്ള സംഭവങ്ങൾ ഒരുപാട് നടന്നിട്ടുണ്ട്. എന്റെ കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങളില്‍ ഞാൻ അപ്പോള്‍ തന്നെ പ്രതികരിക്കാറുമുണ്ട്. അത്തരത്തിലുള്ള പടങ്ങള്‍ക്ക് ഡേറ്റ് കൊടുക്കാതിരുന്നിട്ടുണ്ടെന്നും ഷക്കീല. രൂപശ്രീയോട് ചോദിച്ചാല്‍ ഇക്കാര്യം സത്യമാണോയെന്ന് മനസിലാകുമെന്നും ഷക്കീല പറയുന്നു.
മലയാള സിനിമയിൽ തന്റെ സിനിമകള്‍ക്കെതിരെയും ഗൂഡ നീക്കങ്ങള്‍ നിരവധി നടന്നിട്ടുണ്ടെന്നും ഷക്കീല പറയുന്നു. എന്റെ സിനിമകള്‍ക്ക് സെൻസർ കൊടുത്തിട്ടില്ല, എന്നെ ബാൻ ചെയ്യാനായി ആലോചിച്ചിരുന്നു. അമ്മ അസോസിയേഷൻ എന്നെക്കുറിച്ച് ഒരു മുസ്ലിം മന്ത്രിയോട് പോയി സംസാരിച്ചിരുന്നു. ഒരു നടനില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ അറിയാൻ എനിക്ക് കഴിഞ്ഞത്. ആ നടൻ അന്തരിച്ച് പോയെന്നും ഷക്കീല പറയുന്നു. തിയേറ്ററുകൾ വിവാഹ വേദികളായി ഉപയോഗിച്ചിരുന്ന വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സിനിമാ വ്യവസായത്തെ നിലനിറുത്തുന്നതിൽ ഷക്കീലയുടെ സിനിമകളാണ് നിർണായക പങ്ക് വഹിച്ചിരുന്നത്.
എന്നിരുന്നാലും, തൻ്റെ കരിയർ അട്ടിമറിക്കാൻ വ്യവസായത്തിലെ ശക്തരായ വ്യക്തികൾ തങ്ങളുടെ അധികാരം മുതലെടുത്തെന്ന് ഷക്കീല അവകാശപ്പെടുന്നു. 2001-ൽ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞതാണ്. പക്ഷേ നിർഭാഗ്യവശാൽ ആ സമയത്ത് മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിച്ചില്ല എന്നും ഷക്കീല. മോശം അനുഭവങ്ങൾ ഉണ്ടെങ്കിലും, സമീപകാല വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മലയാള സിനിമാ വ്യവസായത്തെ പരുഷമായി വിലയിരുത്തരുതെന്ന് ഷക്കീല ഊന്നിപ്പറഞ്ഞു.
മലയാള സിനിമയ്ക്ക് മാത്രമുള്ള പ്രശ്‌നമെന്നതിലുപരി ഇന്ത്യൻ സിനിമാ വ്യവസായത്തെയാകെ ബാധിക്കുന്ന വിശാലമായ പ്രശ്‌നമായാണ് ഷക്കീല ഇതിനെ കാണുന്നത്. കാസ്റ്റിംഗ് കൗച്ച് പ്രതിഭാസം മലയാളത്തേക്കാൾ തമിഴ് സിനിമയിലാണ് കൂടുതലായി കാണപ്പെടുന്നത് അതിലും കൂടുതലായി തെലുങ്ക് സിനിമയിലും എന്നാണ് ഷക്കീല പറയുന്നത്.