കൊച്ചി : വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാളത്തിൻ്റെ സൂപ്പർതാരം മമ്മൂട്ടി മൗനം വെടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, സിനിമ വ്യവസായത്തിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്ന് മമ്മൂട്ടി നിഷേധിച്ചു. സമ്പൂർണ്ണ നിയന്ത്രണം കൈക്കൊള്ളുന്ന ഒരൊറ്റ സ്ഥാപനമോ ഗ്രൂപ്പോ ഇല്ലെന്ന് സൂചിപ്പിക്കുന്നു. വ്യക്തികൾക്ക് സ്ഥിരമായ കോട്ട സ്ഥാപിക്കാൻ കഴിയാത്ത ചലനാത്മകവും സദാ മാറിക്കൊണ്ടിരിക്കുന്നതുമായ മേഖലയാണ് സിനിമാ വ്യവസായമെന്നാണ് മമ്മൂട്ടിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും ഇടയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. മലയാള സിനിമാ വ്യവസായം കാര്യമായ സംഭവവികാസങ്ങളെ അഭിമുഖീകരിക്കുന്നു, അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്തിലുള്ളവരിൽ നിന്നും പ്രതികരണങ്ങൾ ഉണ്ടായതിന് ശേഷമേ അംഗമെന്ന നിലയിൽ പ്രതികരണങ്ങൾ നൽകിയാൽ മതിയെന്ന് ഞാൻ വിശ്വസിക്കുന്നു,
അത് കൊണ്ടാണ് ഇത്രയും ലേറ്റായത് എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിൽ പറയുന്നത്.
സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു, പോസിറ്റീവും നെഗറ്റീവും കാണിക്കുകയും പൊതുനിരീക്ഷണം നടക്കുകയും ചെയ്യുന്നു. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഓരോ സംഭവവും ചർച്ചയ്ക്ക് വഴിയൊരുക്കുന്നു, അതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സിനിമാ പ്രവർത്തകർ ജാഗ്രത പാലിക്കണം. ഇപ്പോൾ പൊങ്ങി വരുന്ന ആരോപണങ്ങളിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്, മുഴുവൻ റിപ്പോർട്ടും കോടതിക്ക് മുന്നിലുണ്ട്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ, കോടതി ശിക്ഷ വിധിക്കട്ടെ. സിനിമാ വ്യവസായത്തിൽ ഒരൊറ്റ “പവർഹൗസ്” ഇല്ല, സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കമ്മിറ്റിയുടെ പ്രായോഗിക ശുപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യമെങ്കിൽ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും അഭ്യർത്ഥിക്കുന്നു. ആത്യന്തികമായി, സിനിമാ വ്യവസായം നിലനിൽക്കുകയും വളരുകയും വേണം എന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം.
കുറിപ്പിന്റെ പൂർണരൂപം ; ” മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും.
ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്.
ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം”.