
തൃശ്ശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ച് ബന്ദിയാക്കിയ ശേഷം 47 പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ സൂരജ് പവാറിനെയാണ് തൃശ്ശൂർ സിറ്റി ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് രാജസ്ഥാനിലെ ചിറ്റോർഗഡ് മാന്ദ്ഫിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ കുപ്രസിദ്ധമായ ‘തിരുട്ട് ഗ്രാമത്തിൽ’ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ രണ്ടു ദിവസം നീണ്ട കടുത്ത നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് സംഘം പിടികൂടിയത്.
കവർച്ച ചെയ്യപ്പെട്ടവയിൽ 26 പവൻ സ്വർണ്ണാഭരണങ്ങൾ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.തമിഴ് ചിത്രമായ ‘തീരൻ അധികാരം ഒൻട്ര്’ എന്ന സിനിമയിലെ അന്തർസംസ്ഥാന കവർച്ചാ സംഘങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സൂരജ് പവാറും സംഘവും കൃത്യങ്ങൾ നടത്തിയിരുന്നത്.ലോറികളിലും ട്രക്കുകളിലും ചുറ്റിക്കറങ്ങുന്നു എന്ന വ്യാജേനയാണ് ഇവർ വിവിധ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത്.ദേശീയപാതയോരങ്ങളിലുള്ള വീടുകൾ കേന്ദ്രീകരിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇവർ കവർച്ച നടത്തുന്നത്.
വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറുന്ന സംഘം, വീട്ടുകാർ ആരെങ്കിലും എതിർത്താൽ അവരെ ക്രൂരമായി അക്രമിക്കാനും വകവരുത്താനും മടിക്കാറില്ല.മധ്യപ്രദേശിലെ സിഹോർ ഗ്രാമത്തിൽ ജനിച്ച സൂരജ് പവാർ സ്ഥിരം കുറ്റവാളിയാണ്. ഇയാൾക്കെതിരെ മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിലായി ഒട്ടനവധി മോഷണം, കവർച്ചാ കേസുകൾ നിലവിലുണ്ട്.ഈ കേസിലെ രണ്ടും മൂന്നും പ്രതികളെ കഴിഞ്ഞ ദിവസം തന്നെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ സൂരജ് പവാറിൽ നിന്ന് സ്വർണ്ണവും പണവും കണ്ടെടുത്തതായും ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും മണ്ണുത്തി പൊലീസ് അറിയിച്ചു.