Banner Ads

സംസ്ഥാനത്ത് കനത്ത മഴ; നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾക്കിടയിലും ഓണം പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടന്നേക്കും

തിരുവനന്തപുരം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിഞ്ഞ എട്ട് ദിവസമായി സ്കൂളുകൾക്ക് അവധിയാണ്. വരും ദിവസങ്ങളിലെ ശനിയും ഞായറും കൂടി കണക്കിലെടുക്കുമ്പോൾ ചില പ്രദേശങ്ങളിൽ തുടർച്ചയായി 10 ദിവസത്തോളം അധ്യയനം തടസ്സപ്പെടുന്ന സാഹചര്യമുണ്ട്.

എങ്കിലും, പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക (ഓണം) പരീക്ഷകൾ മുൻപ് നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക തീരുമാനം. പരീക്ഷകൾ നീട്ടിവെക്കുന്നത് നിലവിലെ അക്കാദമിക് കലണ്ടറിനെയും വരാനിരിക്കുന്ന അധ്യയന ദിനങ്ങളെയും ബാധിക്കുമെന്നതിനാലാണ് ഈ നീക്കം.

നിലവിലെ ടൈംടേബിൾ അനുസരിച്ച് ഓഗസ്റ്റ് 20-ടെ ഒന്നാം പാദവാർഷിക പരീക്ഷകൾ പൂർത്തിയാകും. ഓഗസ്റ്റ് 21-ന് ഓണാഘോഷങ്ങൾക്ക് ശേഷം സ്കൂളുകൾ അടയ്ക്കുകയും, ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31-ന് അധ്യയനം പുനരാരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.

ഈ സമയക്രമത്തിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ, നഷ്ടപ്പെട്ട ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകളോ മറ്റ് ബദൽ മാർഗ്ഗങ്ങളോ ഏർപ്പെടുത്തി പരീക്ഷകൾ കൃത്യസമയത്ത് തന്നെ നടത്താനാണ് അധികൃതർ ആലോചിക്കുന്നത്.