
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം ശക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്.
മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.
മുൻപ് ഉരുൾപൊട്ടലോ വെള്ളപ്പൊക്കമോ ഉണ്ടായ പ്രദേശങ്ങളിൽ താമസിക്കുന്നവരും, അപകടസാധ്യതാ മേഖലകളിലുള്ളവരും അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണം.