
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി. ലേറ്റസ്റ്റ് പ്രവചനപ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.
ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.നാളെ (ചൊവ്വാഴ്ച) സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.