Banner Ads

കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയണം: 17കാരന്റെ തിരോധാനം 70 ദിവസം പിന്നിടുന്നു; അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

കണ്ണൂർ : ചൊക്ലി സ്വദേശിയായ 17കാരൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂർയൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.

ചൊക്ലി പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തിയിട്ടും കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്.

വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതി വെച്ചാണ് പതിനേഴുകാരൻ വീടുവിട്ടിറങ്ങിയത്. ശിവസൂര്യ നാടുവിട്ടിട്ട് 70 ദിവസത്തിലേറെയായി.

കുട്ടിയെ കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും വ്യക്തമായ സൂചനകളൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് മുൻപ് അന്വേഷണം നടത്തിയിരുന്നു.

കത്തിലെ സൂചനകളെ തുടർന്ന് വാരണാസിയിലും രാമേശ്വരത്തും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരു സ്ഥലത്തെയും സിസിടിവി ക്യാമറകളിൽ കുട്ടിയുടെ ദൃശ്യങ്ങൾ പതിയാതിരുന്നതും അന്വേഷണത്തിന് തിരിച്ചടിയായി. ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയോ സഹായം ലഭിക്കുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാർക്കുമുണ്ട്.

പ്രാദേശിക പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കുടുംബവും ആക്ഷൻ കമ്മിറ്റിയും ചേർന്ന് ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.