
കൊച്ചി : നടൻ സലിം കുമാറിന്റെ വേർപാടിൽ അതീവ ദുഃഖവും വൈകാരികവുമായ കുറിപ്പുമായി മെഗാസ്റ്റാർ മമ്മൂട്ടി. സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗം തനിക്ക് നൽകിയ വേദന എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്ന് മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയും സലിം കുമാറും ഒന്നിച്ചപ്പോഴൊക്കെയും മലയാള സിനിമയ്ക്ക് ലഭിച്ചത് എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളായിരുന്നു.
മായാവി, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ തിയേറ്ററുകളിൽ വലിയ രീതിയിൽ ചിരി പടർത്തിയവയും പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്നവയുമാണ്. ശനിയാഴ്ച രാത്രി 10.43ഓടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു സലിം കുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.