Banner Ads

ഹരിയാന നാളെ ബൂത്തിലേക്ക്

ഹരിയാന : ഹരിയാന നാളെ ബൂത്തിലേക്ക്.  90 അംഗ നിയമസഭയിലേക്ക് ഹരിയാനയിൽ നാളെ ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു.  ഒരു ദശാബ്ദത്തെ ഇടവേളയ്ക്കുശേഷം തിരിച്ചുവരവിനായി ശ്രമിക്കുന്ന കോൺഗ്രസും തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്താൻ ബിജെപിയും നേർക്ക് നേർ പോരാടുകയാണ് നാളെ ഹരിയാനയിൽ.

മത്സരത്തിന്റെ മൂർച്ച കൂട്ടാൻ ആം ആദ്മി പാർട്ടിയും ഐഎൻഎൽ ഡിബിഎസ്പി, ജെജെപി ആസാദ് സമാജ് പാർട്ടി സഖ്യങ്ങളും മുന്നിലുണ്ട്.  20,629 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസിനായി രാഹുൽഗാന്ധിയുടെയും നേതൃത്വത്തിൽ കടുപ്പമേറിയ പ്രചരണമാണ് നടന്നത്.

മോദി മുൻ കോൺഗ്രസ് സർക്കാരുകളുടെ അഴിമതി, പ്രീണനം, കുടുംബ രാഷ്ട്രീയം തുടങ്ങിയവ ഉയർത്തി ആക്രമിക്കുകയും കോൺഗ്രസിനെ ദളിത് വിരുദ്ധ പാർട്ടിയായി വിശേഷിപ്പിക്കുകയും ചെയ്തു. ഇരട്ട-എൻജിൻ സർക്കാരിന്റെ നേട്ടങ്ങൾ തുടരാനായി ബിജെപിയെ തന്നെ ജയിപ്പിക്കണമെന്നാണ് അഭ്യർത്ഥന. വിലക്കയറ്റം, തൊഴിലില്ലായ്മ, സംവരണം, വരുമാനം എന്നീ വിഷയങ്ങളാണ് കോൺഗ്രസ് പ്രയോഗിച്ചത്.

കോൺഗ്രസിനായി രാഹുൽ ഗാന്ധി മുൻ മുഖ്യമന്ത്രി ഭൂപീന്തർ സിംഗ് ഹൂഡ, ബിജെപിക്കായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ജെജെപ്പിക്കായി ദുഷ്യന്ത് ചൗട്ടാല തുടങ്ങിയവരും ഇന്നലെ സജീവമായിരുന്നു.

കൂടാതെ ബിജെപിക്ക് കനത്ത പ്രഹരമായിട്ട് മുൻ സിർസ എംപി അശോക് തൻവാർ കോൺഗ്രസിൽ ചേരുകയും ചെയ്തു. മഹേന്ദ്രഗഡിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ വച്ചാണ് അദ്ദേഹം അംഗത്വം വ്യാഴാഴ്ച എടുത്തത്. അതിനു തൊട്ടുമുമ്പായി സഫിഡോൺ മണ്ഡലത്തിലെത്തി ബിജെപി സ്ഥാനാർത്ഥിക്ക് പ്രചരണം നടത്തുകയും ചെയ്തിരുന്നു.

2009 കോൺഗ്രസ് ബാനറിൽ സിർസയിൽ ജയിച്ചിരുന്നു തൻവർ. 2022 ൽ ആം ആദ്മി പാർട്ടിയിലും ചേർന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി വിടുകയും ചെയ്തിരുന്നു.  ഈ വർഷമാണ് ബിജെപിയിൽ ചേരുന്നത്.  ഹരിയാന കോൺഗ്രസ് അധ്യക്ഷനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *