Banner Ads

ഓണവിപണിയിലെ വിലക്കയറ്റത്തിന് തടയിടാൻ സർക്കാർ; സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം : ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി ഹോർട്ടികോർപ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു. ഓണച്ചന്തകൾക്കായി സംസ്ഥാന സർക്കാർ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി, പുഷ്പ ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണത്തിനൊരുക്കാം, വിളവിന്റെ വിസ്മയം പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പഴം, പച്ചക്കറി, പുഷ്പ കൃഷികൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്.

പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കതിർ, കൃഷി സഖി തുടങ്ങിയ പദ്ധതികൾ കൃഷിവകുപ്പ് നടപ്പാക്കിവരുന്നു. നാളികേര കർഷകർക്കായി 100 കോടി രൂപയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കും. സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല കേരാമൃതം പരിപാടിയിൽ പദ്ധതിക്ക് തുടക്കമാകും.

ഇത്തവണ നാളികേര ദിനം വിപുലമായി ആചരിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ റവന്യൂ മന്ത്രി എപി അനിൽ കുമാർ, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ എന്നിവരും വിളവെടുപ്പിൽ പങ്കാളികളായി. മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റ് വളപ്പിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.

കത്തിരി, വെണ്ട, തക്കാളി, മുളക്, ചീര, വഴുതന, പാവയ്ക്ക, വെള്ളരി, പടവലം, വള്ളിപ്പയർ എന്നിവയ്ക്ക് പുറമെ സൂര്യകാന്തി പൂക്കളും ഇത്തവണ ഇവിടെ കൃഷി ചെയ്തിരുന്നു. കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടിവി സുഭാഷ്, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ഐപിആർഡി ഡയറക്ടർ സബിൻ സമീദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.