
തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലെ ഓണാഘോഷങ്ങൾക്കായി സർക്കാർ 2 ലക്ഷം രൂപ അനുവദിച്ചു. വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് തുക ലഭ്യമാക്കിയത്. സംസ്ഥാനത്തെ 16 സംരക്ഷണ കേന്ദ്രങ്ങളിലായി കഴിയുന്ന 250 കുട്ടികൾക്ക് ഓണസദ്യ, ഔട്ടിംഗ്, സിനിമ പ്രദർശനം എന്നിവ ഒരുക്കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക.
അതിനിടെ, സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി 1105 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. ക്ഷേമനിധി ബോർഡുകൾ വഴി പെൻഷൻ നൽകാൻ 32 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. പെൻഷൻ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.സാമൂഹ്യ സുരക്ഷാ പെൻഷൻ: 51,59,472 ഗുണഭോക്താക്കൾക്കായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപ.
ക്ഷേമനിധി ബോർഡ് പെൻഷൻ: 16 ബോർഡുകളിലെ 6.59 ലക്ഷം പേർക്കായി 130.32 കോടി രൂപ.ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP): വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപ.ആഗസ്റ്റ് 31-നകം പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.