
പാലക്കാട് : പാലക്കാട് സിപിഎം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മിറ്റി യോഗത്തിൽ ഉണ്ടായ തർക്കമാണ് രാജിയിലേക്ക് നയിച്ചത്. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്നാണ് രാജിക്ക് പിന്നാലെ ഷുക്കൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാക്കിയാണ് പടിയിറങ്ങുന്നത്. ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമായി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പരിഹാസം. നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും ഷുക്കൂർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അന്ന് ഷുക്കൂറിനെ കാണാൻ പോയ മാധ്യമപ്രവർത്തകരെ ഇറച്ചിക്കടയ്ക്ക് മുന്നിലെ പട്ടികൾ എന്ന് എൻഎൻ കൃഷ്ണദാസ് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. അന്ന് അനുനയത്തിലൂടെ ഷുക്കൂറിനെ പാർട്ടിയിൽ നിർത്തിയെങ്കിലും ഇത്തവണ ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്.