
തിരുവനന്തപുരം: മാരകായുധങ്ങളുമായി സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത നാലംഗ സംഘത്തെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. മൺവിള സ്വദേശി അനസ് (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശി അബൂബക്കർ സിദിഖ് (19) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര കുഴിവിള ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് സംഘം ചേർന്നെത്തിയ പ്രതികൾ നാട്ടുകാരെ അസഭ്യം പറയുകയും വഴക്കുണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിക്കുകയും മർദിക്കുകയുമായിരുന്നു.
തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ തോക്കും വാളും ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.