
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണം തള്ളി നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഗണേഷ് കുമാറിന്റെ സമനില തെറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.ബിജെപിയുടെ വോട്ട് കുറഞ്ഞത് മാത്രം പറയുന്ന ഗണേഷ് കുമാർ എൽഡിഎഫിന് സംഭവിച്ച വോട്ട് ചോർച്ച കാണുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ എൽഡിഎഫിന് മണ്ഡലത്തിൽ 8% വോട്ടിന്റെ കുറവുണ്ടായി.
മണ്ഡലത്തിൽ യുഡിഎഫിന് ഇത്തവണ 18,000 വോട്ടിന്റെ വർധനവുണ്ടായി. ബിജെപിയുടെ മാത്രമല്ല, എൽഡിഎഫിന്റെ വോട്ടുകളും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ചാമക്കാല അവകാശപ്പെട്ടു.കണക്കുകൾ നിരത്തി സംസാരിക്കാൻ ഗണേഷ് കുമാറിനെ സംവാദത്തിന് ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആന ഉടമ സംഘം സംസ്ഥാന അധ്യക്ഷൻ കൂടിയായ ഗണേഷ് കുമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചാമക്കാല കുറ്റപ്പെടുത്തി.യുഡിഎഫ്-ബിജെപി രഹസ്യ ധാരണയാണ് തന്റെ പരാജയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.
2016-ൽ 11,700 വോട്ടും 2021-ൽ 12,398 വോട്ടും ലഭിച്ച ബിജെപിക്ക് ഇത്തവണ വെറും 7,031 വോട്ട് മാത്രമാണ് ലഭിച്ചത്. മണ്ഡലത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 23,000 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച വാർഡുകളിൽ പോലും വോട്ട് രണ്ടക്കം കടന്നില്ല.എൻഡിഎ പ്രചാരണ രംഗത്ത് സജീവമല്ലായിരുന്നുവെന്നും ബിജെപി വോട്ടുകൾ ആസൂത്രിതമായി യുഡിഎഫിലേക്ക് മറിച്ചുവെന്നുമാണ് മുൻ മന്ത്രി കൂടിയായ ഗണേഷ് കുമാറിന്റെ ആരോപണം.