Banner Ads

മാലിന്യം തള്ളൽ മുതൽ ചുവരെഴുത്ത് വരെ കുറ്റകരം; നിയമം കർശനമാക്കി കേന്ദ്ര റെയിൽവേ ബോർഡ്

ദില്ലി : റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും ട്രെയിനുകളും വൃത്തികേടാക്കുന്നവർക്ക് ഇനി പണി കിട്ടും. റെയിൽവേ ചട്ടങ്ങളിൽ ഭേദഗതി വരുത്തി പിഴത്തുക 500 രൂപയിൽ നിന്ന് 1000 രൂപയായി കേന്ദ്ര റെയിൽവേ ബോർഡ് ഉയർത്തി. പുതുക്കിയ ഉത്തരവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ മാനേജർ, ടിക്കറ്റ് കളക്ടർ എന്നിവരിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നേരിട്ട് പിഴ ചുമത്താൻ അധികാരമുണ്ടാകും. സ്ഥലത്തുവെച്ച് പിഴയടയ്ക്കാൻ തയ്യാറായില്ലെങ്കിൽ കുറ്റക്കാരെ കോടതിയിൽ ഹാജരാക്കും.

ഇത്തരം കേസുകളിൽ 2000 രൂപ വരെ പിഴ ചുമത്താൻ കോടതിക്ക് വ്യവസ്ഥയുണ്ട്. ട്രെയിനിലോ റെയിൽവേ വളപ്പിലോ മാലിന്യം തള്ളുക, തുപ്പുക, മലമൂത്ര വിസർജ്ജനം നടത്തുക, അനുവദിക്കപ്പെടാത്ത ഇടങ്ങളിൽ ഭക്ഷണം പാകം ചെയ്യുക, തുണിയോ വാഹനങ്ങളോ കഴുകുക/നന്നാക്കുക, മൃഗങ്ങൾക്കോ പക്ഷികൾക്കോ ഭക്ഷണം നൽകുക,

റെയിൽവേ സ്വത്തുക്കൾ വികൃതമാക്കുക, അനധികൃതമായി പരസ്യങ്ങൾ/പോസ്റ്ററുകൾ പതിക്കുക, ചുവരെഴുത്തുകൾ നടത്തുക, റെയിൽവേ പരിസര ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് 2012ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി നടപടി കർശനമാക്കിയത്.