
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ ക്രമക്കേടുകളിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകുന്നതിന് മുൻപേ ലൈസൻസ് നേടിയെന്നും, ചട്ടവിരുദ്ധമായി പേരിനൊപ്പം ഔദ്യോഗിക പദവി ചേർത്തെന്നുമാണ് പ്രധാന കണ്ടെത്തലുകൾ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ആർടിഒയെ ചുമതലപ്പെടുത്തി.
ലൈസൻസിലെ രേഖകൾ പ്രകാരം ഗണേഷ് കുമാറിൻ്റെ ജനനതീയതി 1966 മെയ് 25 ആണ്. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് അനുവദിച്ചിരിക്കുന്നത് 1984 ഫെബ്രുവരി 13 നാണ്. അതായത്, ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസും 8 മാസവും മാത്രമായിരുന്നു പ്രായം. ഇന്ത്യയിലെ നിയമപ്രകാരം ഗിയറുള്ള വാഹനങ്ങൾ ഓടിക്കാൻ കുറഞ്ഞത് 18 വയസ് പൂർത്തിയാകണമെന്നിരിക്കെയാണ് ഈ ലംഘനം.2019-ൽ ലൈസൻസ് പുതുക്കിയപ്പോൾ പേരിനൊപ്പം ‘MLA’ എന്ന പദവി കൂടി ചേർത്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരിച്ചറിയൽ രേഖകളിലെ പേര് മാത്രമേ ലൈസൻസിൽ ഉപയോഗിക്കാവൂ എന്ന നിയമം നിലനിൽക്കെയാണിത്.ഏറ്റവും ഒടുവിലായി 2024 നവംബർ 4-ന് ലൈസൻസ് പുതുക്കിയപ്പോഴും ഈ പ്രായവ്യത്യാസം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്നത് മോട്ടോർ വാഹന വകുപ്പിൻ്റെ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. നിലവിൽ പേരിനൊപ്പമുള്ള ‘എംഎൽഎ’ എന്ന പദവി നീക്കം ചെയ്യാനുള്ള നടപടികൾ എംവിഡി ആരംഭിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഈ പ്രക്രിയയിൽ എങ്ങനെ നിയമം ലംഘിക്കപ്പെട്ടു എന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. ക്രമക്കേടുകൾ സ്ഥിരീകരിക്കപ്പെട്ടാൽ മുൻ മന്ത്രിയുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് വകുപ്പ് കടക്കും.