
കാഠ്മണ്ഡു : നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 688 ആയി ഉയർന്നു. കാണാതായ 2400ലേറെ പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ദുരന്തമേഖലയിൽ നിന്ന് 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ ബന്ധപ്പെടാൻ കഴിയാതിരുന്ന 50ഓളം ഇന്ത്യക്കാരുമായി ആശയവിനിമയം പുനസ്ഥാപിക്കാനായിട്ടുണ്ട്. 275 ഇന്ത്യൻ പൗരന്മാരെയും 128 ഇന്ത്യൻ വംശജരെയും കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. ഏഴ് മലയാളികളുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ത്യയും പങ്കാളികളാകുന്നുണ്ട്. വിദഗ്ധ സംഘവും 11 ടൺ അടിയന്തര അവശ്യസാധനങ്ങളുമായി (സ്ലീപ്പിങ് ബാഗുകൾ, പുതപ്പുകൾ, ടാർപോളിൻ, ശുചിത്വ കിറ്റുകൾ) ഇന്ത്യൻ വ്യോമസേനയുടെ നാലാമത്തെ സി-130 (C-130) വിമാനം നേപ്പാളിലെത്തി.
പ്രളയത്തെ തുടർന്ന് രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങൾ ഭാഗികമായോ പൂർണ്ണമായോ തകർന്നതോടെ നേപ്പാളിൽ 550 മെഗാവാട്ടിന്റെ ഉൽപ്പാദനക്കുറവ് ഉണ്ടായിട്ടുണ്ട്. രൂക്ഷമായ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാൻ നേപ്പാൾ ഇന്ത്യയുടെ സഹായം തേടി.
കരാറുകൾക്ക് വിധേയമായി ആവശ്യങ്ങൾ പരിഗണിക്കുമെന്നും നേപ്പാളിൽ നിന്നുള്ള വൈദ്യുതി വിതരണം കുറഞ്ഞത് ഇന്ത്യയിലെ ആഭ്യന്തര ലഭ്യതയെ ബാധിക്കില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതിനിടെ, ഭോട്ടെ കോശി നദിയിൽ പ്രളയ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് നുവാക്കോട്ടിൽ നിന്നും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.