
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനമായി. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് പൂരത്തിന്റെ പൊലിമ കുറച്ച് ആചാരങ്ങൾ മാത്രമായി നടത്താൻ ധാരണയായത്.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സാമ്പിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ല.
ഇക്കാര്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സർക്കാരുമായി സഹകരിക്കും.സാധാരണ ഒരു മണിക്കൂറോളം നീണ്ടുനിൽക്കാറുള്ള വർണ്ണാഭമായ കുടമാറ്റം ഇക്കുറി 15 മിനിറ്റായി പരിമിതപ്പെടുത്തി. ഇത് കേവലം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക.ഇലഞ്ഞിത്തറ മേളം ഉൾപ്പെടെയുള്ള മറ്റു ചടങ്ങുകൾ പതിവ് പോലെ ആചാരപരമായ ഗാംഭീര്യത്തോടെ നടത്തും.
മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷ് ഉൾപ്പെടെ നാല് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. 11 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയ തിരിച്ചറിയാനാവാത്ത ശരീരഭാഗങ്ങൾ ആരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇന്ന് ഡിഎൻഎ (DNA) പരിശോധന നടത്തും.
കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.”നാടിനെ നടുക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം ആചാരങ്ങൾ മാത്രമായി ഒതുക്കാൻ ദേവസ്വങ്ങൾ തയ്യാറായിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് നിലവിൽ മുൻഗണന.”