
കൊല്ലം : മൂന്നുവയസ്സുകാരിയുടെ കയ്യിൽനിന്ന് ഓടയിലേക്ക് കൈവഴുതി വീണ സ്മാർട്ട് ഫോൺ അഗ്നിരക്ഷാ സേനാംഗങ്ങൾ പുറത്തെടുത്ത് ഉടമയ്ക്ക് കൈമാറി. പട്ടത്താനം സ്വദേശി ഹാജിറയുടെ ഫോണാണ് കടപ്പാക്കട ഫയർഫോഴ്‌സ് സംഘം വീണ്ടെടുത്തത്.
ശനിയാഴ്ച രാവിലെ 9.30ഓടെ പോളയത്തോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു സംഭവം. മകളുമൊത്ത് ഓടയ്ക്ക് മുകളിലൂടെ നടന്നുപോകുന്നതിനിടെ കുഞ്ഞിന്റെ കയ്യിലിരുന്ന ഫോൺ ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്ന ഹാജിറയെ കണ്ട് സമീപത്തുണ്ടായിരുന്ന യുവാവാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ സേനാംഗങ്ങൾ കഠിനപ്രയത്നത്തിനൊടുവിൽ ഓടയുടെ കോൺക്രീറ്റ് സ്ലാബ് ഉയർത്തി മാറ്റിയാണ് ഫോൺ പുറത്തെടുത്തത്.