
കാസർകോട് : കാഞ്ഞങ്ങാട്ട് ദേശീയപാതയിൽ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറുടെ രണ്ട് കാലുകളും മുറിച്ചുമാറ്റി. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസറും പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയായ കെഎം സൂരജിന്റെ രണ്ടാമത്തെ കാലാണ് ഇപ്പോൾ മുറിച്ചുമാറ്റേണ്ടി വന്നത്.
മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂരജിന്റെ ഇടതുകാൽ നേരത്തെ മുറിച്ചുമാറ്റിയിരുന്നു.ഗുരുതരമായി പരിക്കേറ്റ വലതുകാലിന് ഒന്നിലേറെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് ആ കാലും മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചത്.
അപകടത്തിൽ ഒപ്പം പരിക്കേറ്റ മറ്റൊരു സിവിൽ പൊലീസ് ഓഫീസറായ കുന്നുംകൈ സ്വദേശി അലോഷ്യസ് മാത്യുവിന്റെ ഒരു കാലും നേരത്തെ മുറിച്ചുമാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ ഐസിയുവിൽ നിന്നും നിലവിൽ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇദ്ദേഹവും ഇതേ ആശുപത്രിയിൽ തന്നെയാണ് ചികിത്സയിലുള്ളത്. ജൂൺ 18ന് കാഞ്ഞങ്ങാട് ഐങ്ങോത്ത് വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. ദേശീയപാതയോരത്ത് അപകടസാധ്യത ഉയർത്തുന്ന രീതിയിൽ നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറികളോട് അവിടെനിന്ന് മാറിപ്പോകാൻ നിർദേശിക്കുകയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ.
റോഡരികിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് പുറകിലായി സൂരജും അലോഷ്യസും നിൽക്കുന്ന സമയത്താണ് കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവരുടെ മേലേക്ക് പാഞ്ഞുകയറിയത്. പൊലീസുകാരെ ഇടിച്ച തെറിപ്പിച്ച കാർ പിന്നീട് പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്.
രണ്ട് വാഹനങ്ങൾക്കും ഇടയിൽ പെട്ടുപോയതാണ് ഉദ്യോഗസ്ഥരുടെ കാലുകൾക്ക് ഇത്രയും ഗുരുതരമായ പരിക്കേൽക്കാൻ കാരണമായത്. അപകടത്തിൽപ്പെട്ട പൊലീസുകാരുടെ ചികിത്സാച്ചെലവ് പൂർണ്ണമായും പൊലീസ് വെൽഫെയർ ഫണ്ടിൽനിന്ന് ലഭ്യമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഒരു കായികതാരം കൂടിയായ യുവ പൊലീസുകാരന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ട വാർത്ത ഏറെ വേദനയോടെയാണ് സഹപ്രവർത്തകരും നാടും കേട്ടത്.