
പത്തനംതിട്ട: ജില്ലയിലെ കടമ്മനിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി ഭിന്നശേഷിക്കാരനായ വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിയും കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരനുമായ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റോഡിൽ നിന്നും വളരെ താഴ്ചയിലാണ് മാത്തുക്കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
ശാരീരിക പരിമിതിയുള്ള അദ്ദേഹത്തിന് റോഡിലേക്ക് എളുപ്പം എത്തുന്നതിനായാണ് വീട്ടിൽ പ്രത്യേകമായി ലിഫ്റ്റ് സ്ഥാപിച്ചത്.സാധാരണ നമ്മൾ കെട്ടിടങ്ങളിൽ കാണുന്ന തരത്തിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്തായി സ്ക്വയർ പൈപ്പുകളും മറ്റും ഉപയോഗിച്ച് പ്രത്യേകം തയാറാക്കിയതായിരുന്നു.ലിഫ്റ്റിൽ സഞ്ചരിക്കവെ പെട്ടെന്ന് കറന്റ് പോവുകയും ലിഫ്റ്റ് വഴിയിൽ നിലയ്ക്കുകയും ചെയ്തു. ഈ സമയം അദ്ദേഹം തല പുറത്തേക്കിട്ടതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ലിഫ്റ്റ് പെട്ടെന്ന് നിന്നപ്പോൾ സ്ക്വയർ പൈപ്പുകൾക്കിടയിൽ തല കുടുങ്ങിപ്പോവുകയായിരുന്നു.കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ശേഷം മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ മക്കൾ വിദേശത്താണ്. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു അപകടം. നിലവിൽ പോലീസ് സ്ഥലത്തെത്തി തുട നടപടികൾ സ്വീകരിച്ചു വരികയാണ്.