Banner Ads

ദുബായ് ദീപാവലി ആഘോഷത്തിന് ഒരുങ്ങി; 17 മുതൽ 25 വരെ, നൂർ – ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ്

ദുബൈ : ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾ ഗംഭീരമാക്കാൻ ദുബായ് ഒരുങ്ങുന്നു. നൂർ – ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് എന്ന പേരിൽ അഞ്ച് ദിവസത്തെ ആഘോഷപരിപാടികളാണ് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) സംഘടിപ്പിക്കുന്നത്. ഈ മാസം 17, 18, 19, 24, 25 തീയതികളിലാണ് ആഘോഷം നടക്കുക.

ദുബായിലെ അൽ സീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമായിട്ടാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 17-ന് വൈകിട്ട് 6.30-ന് സൂഖ് അൽ സീഫിൽ വെച്ച് ‘നൂർ – ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ്’ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ കോൺസുലേറ്റ്, ടീം വർക്ക് ആർട്സ് എന്നിവയുടെ സഹകരണത്തോടെ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) ആണ് പരിപാടി നടത്തുന്നത്.

ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി വൻ വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും. ഒക്ടോബർ 18-നും 19-നും രാത്രി 9 മണിക്ക് നാല് വെടിക്കെട്ട് പ്രദർശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബർ 24-നും 25-നും അധിക ഷോകളും ഉണ്ടാകും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.