Banner Ads

കൊച്ചിയിൽ ലഹരിവേട്ട: സിറ്റി പോലീസിന്റെ മിന്നൽ പരിശോധനയിൽ 16 ഗ്രാം എംഡിഎംഎ പിടികൂടി.

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള പോലീസിന്റെ ‘ഓപ്പറേഷൻ ക്ലീൻ സിറ്റി’ ശക്തമാകുന്നു. വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ പള്ളുരുത്തി സ്വദേശി ഷമീർ, മരട് സ്വദേശി റിജോയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചേരാനല്ലൂരിലെ അപ്പാർട്ട്‌മെന്റിലായിരുന്നു ആദ്യ പരിശോധന.

നാർക്കോട്ടിക് സെൽ എസിപി ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് (DANSAF) ടീം വൈപടി ഭാഗത്തെ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ 11.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പള്ളുരുത്തി അഷ്ന മൻസിലിൽ പി.എം ഷമീർ (50) ആണ് ഇവിടെ പിടിയിലായത്.തോപ്പുംപടി, തൃക്കാക്കര, മരട് പോലീസ് സ്റ്റേഷനുകളിലും എക്സൈസ് റേഞ്ചിലും ഷമീറിനെതിരെ നേരത്തെയും ലഹരിമരുന്ന് കേസുകളുണ്ട്.കഴിഞ്ഞ ദിവസം പിടിയിലായ ലഹരിമരുന്ന് മാഫിയയിലെ മുഖ്യകണ്ണി കെവിൻ ബി. മാത്യു ആണ് ഷമീറിന് മരുന്ന് എത്തിച്ചു നൽകിയതെന്ന് പോലീസ് കണ്ടെത്തി.

മരട് പോലീസ് വൈറ്റില ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മരട് സ്വദേശി റിജോയ് ബെക്‌സിൻ ഫ്രാൻസിസ് (23) പിടിയിലായത്. ഇയാളിൽ നിന്ന് 4.04 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.കൊച്ചി നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരി ശൃംഖലയെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.