
മലപ്പുറം: സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിയിലായവരിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരെന്ന് പൊലീസ് കണക്കുകൾ. നവംബർ രണ്ട് മുതൽ എട്ട് വരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയിൽ മാത്രം 220 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
മറ്റ് ജില്ലകളിലെ കണക്കുകൾസംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി ആകെ 99,181 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 453 കേസുകൾ രജിസ്റ്റർ ചെയ്തു.മലപ്പുറം: 220 കേസുകൾ കൊല്ലം: 59 കേസുകൾ കണ്ണൂർ നഗരം: 48 കേസുകൾ കൊച്ചി നഗരം: 3 കേസുകൾ (ഏറ്റവും കൂടുതൽ വാഹനങ്ങൾ പരിശോധിച്ചത് കൊച്ചിയിലാണ്—10,961 വാഹനങ്ങൾ).
കൊച്ചി ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് 55-കാരൻ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന കർശനമാക്കിയത്.പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി.
ഇത്തരം കേസുകളിൽ പിടിയിലാകുന്ന കുട്ടികൾക്ക് ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് വലിയ കാലതാമസം നേരിടേണ്ടിവരും. കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുമ്പോൾ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, അപകടങ്ങൾ ഒഴിവാക്കാൻ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും പൊലീസ് വ്യക്തമാക്കി.