Banner Ads

2047-ൽ ‘വികസിത ഭാരതം’ യാഥാർത്ഥ്യമാക്കും; ഇന്ത്യയിൽ ഒളിമ്പിക്‌സ് നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: 2047-ഓടെ രാജ്യത്തെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിൽ ഇന്ത്യ ഒളിമ്പിക്‌സിന് വേദിയാകുമെന്നും ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി താൻ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. കാൽനൂറ്റാണ്ട് കാലം ഭരണരംഗത്ത് തുടരാനാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും, ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ സ്വാർത്ഥതയില്ലാതെ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയെ ലോകത്തിന്റെ മുൻനിര മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റും. വോട്ടിന്റെ പേരിൽ സമൂഹത്തെ വിഭജിക്കുന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

നാട്ടിൽ വൈദ്യുതി മുടങ്ങിയാൽ അത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല, എല്ലാവരെയുമാണ് ബാധിക്കുന്നത്. വികസനം എല്ലാവരിലേക്കും എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ലോകം ഇപ്പോൾ ഒരു ഇന്ത്യൻ പൈലറ്റിനെക്കുറിച്ചാണ് (ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ഛർ) സംസാരിക്കുന്നത്. എന്നാൽ വൈകാതെ തന്നെ ഇന്ത്യൻ നിർമ്മിത വിമാനങ്ങളെക്കുറിച്ച് ലോകം സംസാരിക്കുന്ന ഒരു ദിവസം വരും.

ഇന്ത്യക്ക് മുന്നിൽ വലിയ വെല്ലുവിളികളുണ്ടെങ്കിലും, അത് നേരിടാൻ 140 കോടി ജനങ്ങളുടെ ശേഷിയെന്ന പരിഹാരമാർഗ്ഗമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായാണ് നരേന്ദ്ര മോദി ഭരണ നേതൃത്വത്തിലേക്ക് എത്തുന്നത്. ജനസേവനരംഗത്ത് 25 വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിപുലമായ ആഘോഷപരിപാടികളാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്.