
കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന വിലക്ക് ലംഘിച്ച് കൊല്ലത്ത് വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വി.ഡി. സതീശനെ അനുകൂലിച്ചാണ് പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ പുതിയ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.കേരളത്തിൽ ഫ്ലക്സ് ബോർഡുകളോ പരസ്യമായ പ്രതിഷേധങ്ങളോ പാടില്ലെന്ന് ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഇത് അവഗണിച്ചാണ് ശനിയാഴ്ച രാത്രിയോടെ പുനലൂരിൽ ബോർഡ് ഉയർന്നത്.”പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന വാചകവും വി.ഡി. സതീശന്റെ ചിത്രവുമാണ് ഫ്ലക്സിലുള്ളത്. ആരാണ് ഈ ബോർഡ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ബോർഡിൽ മറ്റ് പേരുകളോ സംഘടനയുടെ വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബോർഡുകൾ ഹൈക്കമാൻഡ് നിർദ്ദേശത്തെത്തുടർന്ന് മാറ്റിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സതീശൻ പക്ഷത്തിന്റേതെന്ന് കരുതുന്ന ബോർഡ് പ്രത്യക്ഷപ്പെട്ടത്.
സംസ്ഥാനത്തെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച ശേഷം മാത്രമേ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ എന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക ലംഘനം തുടരുന്നത് മുഖ്യമന്ത്രി സ്ഥാനത്തിനായി വാദിക്കുന്ന നേതാക്കൾക്ക് തിരിച്ചടിയായേക്കും. വിലക്ക് ലംഘിച്ചുള്ള ഈ നീക്കത്തിൽ പാർട്ടി നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.