
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (LPG) സിലിണ്ടറുകളുടെ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായും നീക്കി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് മുൻപുള്ള സാധാരണ സ്ഥിതി നിലനിർത്താനാണ് നിർദ്ദേശം. കൂടാതെ, പിഎൻജി (PNG) കണക്ഷൻ എടുത്തവർ അത് തന്നെ തുടർന്നും ഉപയോഗിക്കണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ മുൻനിര പദ്ധതിയായ ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’ (PMUY) ഗുണഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് പുതിയ പരിഷ്കാരം നൽകുന്നത്. പദ്ധതി പ്രകാരം ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രം കുത്തനെ വെട്ടിക്കുറച്ചു. ഇനി മുതൽ ഒരു വർഷം പരമാവധി നാല് സിലിണ്ടറുകൾക്ക് മാത്രമേ സബ്‌സിഡി ലഭിക്കൂ എന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സാധാരണക്കാരായ പാവപ്പെട്ട കുടുംബങ്ങളുടെ ശരാശരി വാർഷിക ഗ്യാസ് ഉപയോഗം കണക്കിലെടുത്താണ് സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയത് എന്നാണ് സർക്കാരിന്റെ വിശദീകരണം.2016 മേയിൽ ആരംഭിച്ച ഉജ്ജ്വല യോജന പദ്ധതിയിൽ തുടക്കത്തിൽ പ്രതിവർഷം 12 സിലിണ്ടറുകൾക്കായിരുന്നു സബ്‌സിഡി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒൻപതാക്കി കുറച്ചിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ വീണ്ടും നാല് സിലിണ്ടറുകളായി കേന്ദ്രം ചുരുക്കിയിരിക്കുന്നത്.