
അരൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ലെന്നും മരണം അപകടകരമായ വീഴ്ചയെ തുടർന്നാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അരൂർ രാഹുൽ നിവാസിൽ കെ.കെ. രമേശന്റെ മരണം താഴേക്ക് വീഴുമ്പോൾ അടുക്കളയിലെ ചിരവയിൽ തലയിടിച്ചതിനെ തുടർന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ ചിരവയിൽ നിന്ന് രമേശന്റെ തലമുടി പൊലീസിന് ലഭിച്ചിരുന്നു.
ശനിയാഴ്ച രാവിലെ മകൾ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് അറിയിച്ചതനുസരിച്ച് അയൽവാസി എത്തി നോക്കിയപ്പോഴാണ് രമേശനെ മരിച്ച നിലയിൽ കണ്ടത്. തലയ്ക്ക് പിന്നിലെ മുറിവും രക്തം തളംകെട്ടിക്കിടന്നതും തുടക്കത്തിൽ സംശയത്തിനിടയാക്കിയെങ്കിലും, രമേശൻ ധരിച്ചിരുന്ന സ്വർണ്ണമാല ഉൾപ്പെടെയുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു.
തുടർന്ന് ഫൊറൻസിക് സംഘത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കും വണ്ടാനം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനും ശേഷമാണ് ആക്രമണമല്ല മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കുമ്പളം ശാന്തിഭൂമിയിൽ സംസ്കരിച്ചു.