
കണ്ണൂർ: പയ്യന്നൂരിൽ അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്‌ടർമാരെക്കൂടി പൊലീസ് പ്രതി ചേർത്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവർക്കെതിരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
ചികിത്സാ പിഴവ് സംഭവിച്ചതായി സ്ഥിരീകരിച്ച സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പൊലീസിന്റെ ഈ നടപടി.കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ കേസിൽ നേരത്തെ പ്രതി ചേർത്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 10-നാണ് ശസ്ത്രക്രിയക്കായി അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ദേവാൻഷ് ശൗര്യ മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടാകുന്നതായി കുടുംബം മുൻപ് ആരോപിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുകയും ചെയ്തിരുന്നു. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിൽ വന്ന കാലതാമസമാണ് കേസിൽ കൂടുതൽ ഡോക്‌ടർമാരെ പ്രതി ചേർക്കുന്നതിന് തടസ്സമായതെന്നാണ് പൊലീസ് വിശദീകരിച്ചത്. റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.