
കൽപ്പറ്റ: വയനാട്ടിൽ നാളെ പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായി (എഡിഎം) നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ബസുടമകൾ സമരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന ഭരണകൂടത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് ഒഴിവാക്കിയത്. ജൂലൈ 3ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് ബസുടമകൾ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.വരുമാനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനത്തിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്. മുമ്പ് 1,200 രൂപ ലഭിച്ചിരുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിലവിൽ 600 രൂപ മാത്രമാണ് പ്രതിദിന വേതനമായി നൽകുന്നത്. യാത്രക്കാരുടെ എണ്ണവും ബസുകളിലെ കളക്ഷനും കുറഞ്ഞതാണ് വേതനം കുറയ്ക്കാൻ കാരണമായതെന്നാണ് ബസുടമകളുടെ വിശദീകരണം.
വേതനക്കുറവിനെതിരെ തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും ഗതാഗതമന്ത്രി സി. പി. ജോൺ വ്യക്തമാക്കി.സ്വകാര്യ ബസ് ഉടമകൾ പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും കെഎസ്ആർടിസി ബസുകളിലെ പരസ്യ മാതൃക പോലെ സ്വകാര്യ ബസുകളിലും പരസ്യങ്ങൾ ഉൾപ്പെടുത്തി അധിക വരുമാനം കണ്ടെത്താനാകുമെന്നും മന്ത്രി നിർദേശിച്ചു.കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതികൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ സ്വകാര്യ ബസ് സർവീസുകൾ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.