Banner Ads

കൊഴിഞ്ഞാമ്പാറയിൽ വീണ്ടും കോഴിപ്പോര് വേട്ട; തമിഴ്‌നാട് സ്വദേശികളടക്കം അഞ്ചുപേർ അറസ്റ്റിൽ

പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ പണം, പന്തയം വെച്ച് കോഴിപ്പോര് നടത്തിയ അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ ഈ മേഖലയിൽ നിന്ന് കോഴിപ്പോര് സംഘത്തെ പോലീസ് പിടികൂടിയിരുന്നു.

കൗസപ്പാറ സ്വദേശി രാജൻ, കോയമ്പത്തൂർ സ്വദേശി വിഘ്നേഷ്, പൊള്ളാച്ചി സ്വദേശികളായ സതീഷ് കുമാർ, ശെന്തിൽ കുമാർ, തിരുപ്പൂർ സ്വദേശി മുത്തുസ്വാമി എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.

വടകരപ്പതി പരിശക്കൽ എലിക്കിലാംപാറയിലെ ഒഴിഞ്ഞ പറമ്പിൽ കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.

ഇവരിൽ നിന്ന് 6020 രൂപയും പത്ത് പോരുകോഴികളും പോലീസ് പിടിച്ചെടുത്തു. പിന്നീട് പോലീസ് സ്റ്റേഷനിൽ വെച്ച് നടത്തിയ ലേലത്തിൽ പത്ത് കോഴികളെയും 41700 രൂപയ്ക്ക് ലേലം ചെയ്തു വിറ്റതായും പോലീസ് അറിയിച്ചു.