Banner Ads

പ്രധാനമന്ത്രിക്കെതിരെ ബെംഗളൂരുവിൽ സിജെപിയുടെ പ്രതിഷേധ ജാഥ; പിന്തുണയുമായി പ്രകാശ് രാജും

ബെംഗളൂരു: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) പേരിൽ കർണാടകത്തിൽ വ്യാപകമായി വോട്ടർമാരെ പുറത്താക്കിയ നടപടിക്കെതിരെ ബെംഗളൂരു ഫ്രീഡം പാർക്കിൽ കോക്ക് റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ ‘പ്രധാനമന്ത്രി കള്ളനാണ്’ തുടങ്ങിയ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്.

സിജെപി നേതാവ് അഭിജീത്ത് ദീപ്കെ പ്രകടനക്കാർക്ക് മുദ്രാവാക്യം വിളിച്ചുനൽകി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്ന എസ്.ഐ.ആർ നടപടി ചവറ്റുകൊട്ടയിലെറിയുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സംഭവത്തിൽ ‘ജനകീയ കോടതി’ (പീപ്പിൾസ് ട്രിബ്യൂണൽ) സംഘടിപ്പിച്ച ശേഷം വനിതകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ചപ്പൽ പ്രതിഷേധം’ നടത്തുെമന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്.

സിജെപി നേതാക്കളായ അഭിജീത്ത് ദീപ്കെ, സൗരവ് ദാസ്, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖർ പ്രക്ഷോഭത്തിൽ നേരിട്ട് പങ്കെടുത്തു.ഏത് രാഷ്ട്രീയ പാർട്ടിക്ക് വേണമെങ്കിലും വോട്ട് ചെയ്യുക എന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും എന്നാൽ എസ്.ഐ.ആറിലൂടെ അത് നിഷേധിക്കപ്പെടുകയാണെന്നും പ്രകാശ് രാജ് തുറന്നടിച്ചു.

“എസ്.ഐ.ആർ പൂർണ്ണമായി റദ്ദാക്കുകയും ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയും വേണം. ഇത് സമരത്തിന്റെ ഒരു സാംപിൾ മാത്രമാണ്; എസ്.ഐ.ആർ റദ്ദാക്കുന്നത് വരെ സമാധാനപരമായി പോരാട്ടം തുടരും. ജനങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒന്നിച്ച് തെരുവിലിറങ്ങും, അതാണ് കർണാടകയുടെ പ്രത്യേകത,” എന്നും പ്രകാശ് രാജ് വ്യക്തമാക്കി.