Banner Ads

“ചിറയിൻകീഴിൽ പാമ്പുകടിയേറ്റ കുട്ടി മരിച്ച സംഭവം: ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം.”

തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ മരിച്ചു. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പിതാവ് ദിലീപ് ആരോപിച്ചു.

ഇന്ന് പുലർച്ചെ ഉറക്കത്തിനിടയിലാണ് ദിക്ഷലിന് പാമ്പുകടിയേറ്റത്. നാല് മണിയോടെ വിവരം അറിഞ്ഞ ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി സംസാരിക്കുന്നുണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കുട്ടി തന്നെ ഡോക്ടർമാരോട് വിവരിച്ചിട്ടും അവർ അത് നിസ്സാരമായാണ് കണ്ടത്.

വേണ്ടത്ര ഗൗരവത്തോടെയോ പരിഗണനയോടെയോ ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് ദിലീപ് പറഞ്ഞു.താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിക്ക് കടിയേറ്റ വീടിനുള്ളിൽ നിന്ന് പിന്നീട് ഒരു മൂർഖൻ പാമ്പിനെ പിടികൂടി. നിലവിൽ കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മകനെ രക്ഷിക്കാമായിരുന്നു എന്ന വേദനയിലാണ് ഈ കുടുംബം.”ആശുപത്രിയിൽ എത്തുമ്പോഴും എന്റെ മകൻ സംസാരിക്കുന്നുണ്ടായിരുന്നു. അവന് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർമാർ അത് കാര്യമാക്കിയില്ല. വേണ്ട പരിഗണന നൽകിയിരുന്നെങ്കിൽ അവനെ ഞങ്ങൾക്ക് നഷ്ടമാകില്ലായിരുന്നു.”