
തിരുവനന്തപുരം : നിരത്തുകളിലെ ചെറിയ അശ്രദ്ധകൾ വൻ ദുരന്തങ്ങൾക്ക് വഴിവെക്കാറുണ്ടെന്ന ഓർമ്മപ്പെടുത്തലുമായി കേരള മോട്ടോർ വാഹന വകുപ്പ്. തിരക്കേറിയ നടുറോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് സൗഹൃദ സംഭാഷണങ്ങളിൽ മുഴുകുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പാണ് എംവിഡി നൽകുന്നത്.
വീതി കുറഞ്ഞ റോഡുകളിലും ജങ്ഷനുകളിലും വളവുകളിലും ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും നിർത്തിയിട്ട് വർത്തമാനം പറയുന്ന പ്രവണത വ്യാപകമാണ്. ഇടതുവശം ചേർന്ന് പോകേണ്ട വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ കടുത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
ഗതാഗത സാങ്കേതികവിദ്യയിൽ സ്റ്റേഷനറി ഹസാർഡ് എന്ന് വിശേഷിപ്പിക്കുന്ന ഇത്തരം സാഹചര്യങ്ങൾ റോഡിൽ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിയന്ത്രണം വിട്ടോ വേഗത്തിലോ എത്തുന്ന മറ്റ് വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്ക് ഇടാനോ ദിശ മാറ്റാനോ സാധിക്കാതെ വരുന്നത് വൻ ദുരന്തങ്ങൾക്കിടയാക്കും. റോഡ് എന്നത് വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള ക്യാരേജ് വേ മാത്രമാണ്.
അത്യാവശ്യമായി സംസാരിക്കേണ്ട സാഹചര്യങ്ങളിൽ വാഹനം റോഡിന് വെളിയിൽ സുരക്ഷിതമായ സ്ഥലത്തേക്ക് ഒതുക്കി നിർത്തണം. സ്വന്തം ജീവനും മറ്റ് യാത്രികരുടെ സുരക്ഷയും മുൻനിർത്തി റോഡിലെ ഇത്തരത്തിലുള്ള സൊറപറച്ചിലുകളിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.