Banner Ads

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ കേന്ദ്രത്തിന്റെ കർശന നീക്കം; കോച്ചിംഗ് സെന്ററുകൾക്ക് ദേശീയ നിയന്ത്രണ നിയമം

ദില്ലി: മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്ററുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തുടനീളമുള്ള കോച്ചിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി ദേശീയതലത്തിൽ പുതിയ നിയമം കൊണ്ടുവരാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.ജെഇഇ (JEE), നീറ്റ് (NEET), സിയുഇടി (CUET) ഉൾപ്പെടെയുള്ള പ്രധാന പ്രവേശനപരീക്ഷകളിൽ കൂടുതൽ സുതാര്യതയും നിലവാരവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പുതിയ നിയമം നിലവിൽ വന്നാൽ കോച്ചിംഗ് സെന്ററുകളുടെ ‘ടോപ്പർ’ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.അധ്യാപകരുടെ യോഗ്യത, പരീക്ഷകളിലെ വിജയനിരക്ക്, പരിശീലന രീതികൾ തുടങ്ങിയ വിവരങ്ങൾ കോച്ചിംഗ് സ്ഥാപനങ്ങൾ നിർബന്ധമായും പൊതുജനങ്ങൾക്ക് വെളിപ്പെടുത്തണമെന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തും.സ്കൂൾ വിദ്യാർഥികൾക്കുള്ള കോച്ചിംഗ് സമയം പ്രതിദിനം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രമായി പരിമിതപ്പെടുത്താനും നിർദേശമുണ്ട്.

കൂടാതെ, പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയതിന് ശേഷമേ തീവ്രപരിശീലനം  നൽകാൻ പാടുള്ളുവെന്ന വ്യവസ്ഥയും പുതിയ നിയമത്തിന്റെ ഭാഗമാകും.നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ദേശീയ കോച്ചിംഗ് നിയന്ത്രണ നിയമത്തിന്റെ അന്തിമ രൂപം സർക്കാർ പ്രഖ്യാപിക്കുക.