Banner Ads

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ ‘തൊപ്പി’യുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ യൂട്യൂബർ ‘തൊപ്പി’യുടെ (നിഹാദ്) ജാമ്യാപേക്ഷ ഇന്ന് എറണാകുളം സെഷൻസ് കോടതി പരിഗണിക്കും. പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസിന്റെ ശക്തമായ നിലപാട്. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സുഹൃത്തുക്കളുടെ നഗ്നവീഡിയോ ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ‘തൊപ്പി ഗ്യാങ്ങിലെ’ അംഗങ്ങളായ മമ്മു, ഷമീർ എന്നിവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി പുറത്തുവിട്ട വീഡിയോയിലാണ് തൊപ്പി ഈ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത്. കൂടാതെ ഇവർ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണവും തൊപ്പി വീഡിയോയിലൂടെ ഉന്നയിച്ചിരുന്നു.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതരമായ പരാതികളിൽ തൊപ്പിക്കെതിരെ മുൻപും അന്വേഷണം നിലവിലുണ്ട്.ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവിനെ തുടർന്ന് സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.കേസെടുത്തതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
തൊപ്പിക്കെതിരായ എല്ലാ പരാതികളും വിശദമായി പരിശോധിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.