
കോഴിക്കോട് : ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് അഞ്ച് വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി എടവലത്ത് വിശ്വനാഥനെയാണ് പോക്സോ കേസിൽ കോടതി ശിക്ഷിച്ചത്. വീട്ടിൽ വൈദ്യുതി പോയ സമയത്താണ് പ്രതി അക്രമം നടത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന പെൺകുട്ടിയെ വിശ്വനാഥൻ കടന്നുപിടിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് എസ്ഐ റസല്‍ രാജ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്ഐ രതീഷ് ഗോപാലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസീക്യൂഷന് വേണ്ടി അഡ്വ ആർഎൻ രഞ്ജിത്ത് ഹാജരായി.