
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പദ്ധതി നടപ്പാക്കുന്നതിൻ്റെ മാനദണ്ഡങ്ങൾക്ക് അന്തിമരൂപം നൽകും. ഇതിനൊപ്പം, പദ്ധതിയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ സ്വകാര്യ ബസുടമകളുമായും സർക്കാർ ചർച്ച നടത്തും.
യൂഡിഎഫ് സർക്കാർ തങ്ങളുടെ ആദ്യ ഗ്യാരൻ്റിയായി പ്രഖ്യാപിച്ച ഈ പദ്ധതി ഒരു മാസത്തിനകം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പദ്ധതിയുടെ പ്രഖ്യാപനം മാത്രമാണ് നടന്നിട്ടുള്ളത്. ഏതൊക്കെ ബസുകളിൽ സൗജന്യമുണ്ടാകും, യാത്രാ പരിധി എത്രയായിരിക്കും, അന്തർജില്ലാ യാത്രകൾ അനുവദിക്കുമോ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ നാളത്തെ യോഗത്തോടെ വ്യക്തത വരുമെന്നാണ് സൂചന.