
കോഴിക്കോട് : ബസ് സമയക്രമത്തെച്ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സേവൻ ഡേയ്സ്, സരോജിനി എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും ഒരു കണ്ടക്ടറുടെയും ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
കോഴിക്കോട് ആർടിഒയുടേതാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് തൊണ്ടയാടിന് സമീപമായിരുന്നു സംഭവം. സമയക്രമത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ ബസ് ജീവനക്കാർ റോഡിലിറങ്ങി പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം ഗതാഗതത്തെയും യാത്രക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി.
നടുറോഡിലെ ഈ തല്ലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് ഇടപെടുകയായിരുന്നു. ശിക്ഷാ നടപടിയുടെ ഭാഗമായി മൂവരും അംഗീകൃത ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിൽ നിർബന്ധിത പരിശീലന ക്ലാസുകളിൽ പങ്കെടുക്കണമെന്നും ആർടിഒ നിർദ്ദേശിച്ചു.
പൊതുനിരത്തുകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങളും അതിക്രമങ്ങളും അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ കർശന നിരീക്ഷണം തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.