Banner Ads

ബ്രിക്‌സ് ഉച്ചകോടി സമാപിച്ചു; ആഗോള സുസ്ഥിരതയ്ക്കും പരസ്പര സഹകരണത്തിനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ആഗോളതലത്തിൽ സുസ്ഥിരത ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആരോഗ്യസംരക്ഷണം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ ബ്രിക്‌സ് രാജ്യങ്ങൾ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ സമാപിച്ച 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയും നിർണായക ധാതുക്കളും ആയുധമാക്കുന്നതിനെതിരെയും ഉച്ചകോടിയിൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലാണ് സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ആയുധമാക്കരുതെന്ന് മോദി ഓർമ്മിപ്പിച്ചത്.

ഇത്തരം നടപടികൾ ലോകരാജ്യങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. ലോകത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഒരു പ്രതിസന്ധിയും ഇന്ന് ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്ന് പകർച്ചവ്യാധികളും കാലാവസ്ഥാ ദുരന്തങ്ങളും വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങളും തെളിയിക്കുന്നു.

ബ്രിക്‌സ് കൂട്ടായ്മയുടെ പ്രതിരോധശേഷിക്കും നവീകരണത്തിനും കണക്റ്റിവിറ്റിക്കും മുൻഗണന നൽകണം. പരസ്പര സഹകരണത്തിലൂടെ മാത്രമേ അംഗരാജ്യങ്ങൾക്ക് ഒരുമിച്ച് വളരാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.